ദുനിയാവിലെ മുപ്പതുകോടി നാല്പത്തിയൊന്നാമത്തെ പല്ലി എന്നെ കണ്ട് വാലുമുറിച്ചിട്ടോടി. ചെറുവിരൾ തൊട്ട് ഉപ്പൂറ്റി വരെ അളന്ന ചെറു രാജ്യത്തിൻറെ പകുതി പോലും തികക്കാത്ത പല്ലി കുഞ്ഞിനെ ഞാനൊട്ടു കണ്ടതുമില്ല. ഞാൻ പല്ലിയെ കണ്ടതല്ലലോ, പല്ലി എന്നെ കണ്ടതല്ലെ കഥ! അതിഭയങ്കരമായ സംഘടനത്തിനൊടുവിൽ വാലുമുറിച്ച എന്റെ പെറുവിരലിന്റെ മടക്കില്ലൊളുപ്പിച്ച രക്ഷപെട്ട വിവരം കക്ഷി നാടൊക്കെ പരത്തി
ഇതൊന്നുമറിയാതെ ഭൂമിയുടെ അവകാശികളുടെ സംരക്ഷക എന്ന് സ്വയം വിളിച്ച ഞാൻ, പല്ലി കുഞ്ഞുങ്ങളെ മുറിയിൽ വളർത്തി പോന്നു. നട്ടപാതിരായ്ക്ക് ഒരു ദിവസം സാഹിത്യം തട്ടി വിളിച്ചത് കേട്ട് ഭ്രാന്തെഴുതവെ അവയിലൊരുത്തൻ ഒത്തനടുവ്‌ലേക്കു കാഷ്ടിച്ചു. നൂറ്റാണ്ടിന്റെ കൃതി എന്ന് ഞാൻ വിളിച്ച മഹത്തരമായ സൃഷ്ടിക്ക് കക്കൂസിന്റെ വില തന്ന അന്തേവാസിക്ക് നേരെ കൈയിൽ കിട്ടിയ വടിയും കൊണ്ട് ചീറിയടുത്തതും പല്ലി വാലിൽ കുടുങ്ങി മലർന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു. സാഹിത്യ വിരോധിയായ അന്തേവാസി അതിനകം രക്ഷപെട്ടു അലമാരിക്കടിയിൽ പതിയിരുന്നു പല്ലി വാലിന്റെ മാഹാത്മ്യം എം എൽ എ ഫോർമാറ്റിൽ ഒരു പ്രബന്ധമായ് രചിക്കായിരുന്നു.
കഥ കണ്ടും കേട്ടും അറിഞ്ഞ പല്ലി സമൂഹം വരി വരിയായ് വന്ന് വാല് നിക്ഷേപിച്ചു പോകയുണ്ടായി. വയസൻ വാലുകൾക്ക് മീതെ ദശയുറാകാത്ത കിളുന്തു വാലുകൾ കുമിഞ്ഞു. വാല് കണ്ട് രസം പിടിച്ചു നെറ്റി ചുളിച്ചു ഞാൻ വാല് മുറിച്ചു തരാൻ ആജ്ഞാപിച്ചു. പല്ലി സമൂഹത്തിന് വാല് ബലികൊടുക്കാനുള്ളതായി. പണ്ടൊരു പല്ലി വാലിൽ കുടുങ്ങി അധികാരി വീണതു പല്ലി സമൂഹം മറന്നു. അങ്ങനെയിരിക്കെ പത്രത്തിൽ പുതുതായൊരു പല്ലി വർഗത്തെ കണ്ടുപിടിച്ചതായ് വാർത്ത വന്നു. അവയ്ക്കു വാല് മുളക്കില്ലത്രേ!
