പണ്ടെങ്ങോ പരകായ പ്രവേശനം നേടിയ മുത്തപ്പനാഞ്ഞിലിയുടെ ചെറുമകനും, അവനു പ്രയാദ്ധികത്തിൽ എവിടെയോ ഒരു രഹസ്യത്തിലെന്ന പോലെ പിറന്ന് ഒരു തോടിപ്പറെ വേരൂന്നി വളർന്ന മകനും ബന്ധുക്കളാണെന്ന് ഒരു വെള്ളിടിയുടെ അകമ്പടിയോടെ വെളിപാടുണ്ടായിട്ട് അധികനാളായില്ല. പെയ്യാതെ തളംകെട്ടി നിന്ന കരിമ്പനമുടിച്ചിയെ നോക്കി ഞാനും മഴക്കുരുവികളും കൊഞ്ഞണം കുത്തികൊണ്ടിരുന്നപ്പോഴാണ് വെളിപാടുണ്ടാവുന്നത്. അശരീരി അല്ല കേട്ടോ ! പകലൊക്കെ ഉഴുതുമറിച്ച് വെയില്പാകി കിതച്ച് മുഖോം ചോപ്പിച്ച്, ഉഴുവുചാൽ തോളത്ത് വച്ചൊരു കൃഷീവലൻ പടിഞ്ഞാറ് പോവാൻ കൂട്ടാകുമ്പോ, വേഷമൂരി അച്ഛന് കൊടുക്കും. വേഷപ്പകർച്ച ഭംഗിയായ് ആടിത്തർക്കുന്നതിനിടയിൽ ഇങ്ങനെ പലേ വെളിപാടും ശിങ്കിടിക്ക് അരുളപ്പെടാറുണ്ട്.
വെളിപാടൊരു കടങ്കഥയായാണ് എത്തിയെ.
അപ്പനെയും മകനെയും കാട്ടി എന്ത് വ്യത്യാസം എന്നായി നടൻ.
നടിക്കാനറിയാത്ത, പ്രിത്യേകിച്ചും ഈ വേഷപ്പകർപ്പിന്റെ നിറക്കൂട്ട് പോലും വശമില്ലാത്ത ശിങ്കിടി, അത് ആണും പെണ്ണും ആണെന്ന് തിടുക്കത്തിൽ പറഞ്ഞു.
ക്രിസ്മസ് അപ്പൂപ്പന്റെ പോലെ എന്ന് കാണുന്നവരൊക്കെ കൊതിയോടെ പറയണ വെള്ളിത്താടിയും പറന്ന മുടിയും അച്ഛനും അച്ഛന്റെ കണ്ണും കുലുങ്ങി ചിരിച്ചു.
വിത്യാസമെന്തെന്ന് കണ്ടു പിടിച്ചാ സമ്മാനം താരമെന്നായ് നടൻ!
സമ്മാനം എന്നോച്ചാ മഞ്ചാടിക്കുരുവോ കുന്നിക്കുരുവോ ഒക്കെയാണ്. ഒന്നോ രണ്ടോ വീണുകിട്ടുമ്പോ അമ്പിളിമാമനെ കിട്ടിയപോൽ കൊണ്ടോയ് മഞ്ചാടിച്ചെപ്പിലിടുന്നത് കക്ഷി കണ്ടിട്ടുണ്ടാവണം. കടങ്കഥകൾക്ക് സമ്മാനമായ് മഞ്ചാടിക്കുല സംഘടിപ്പിച്ച് കൊണ്ടോരുന്നത് അതോണ്ടാവാം . ഇരുപത്തിമൂന്ന് വയസായെന്നും കെട്ടിക്കാറായെന്നുമൊക്കെ നാട്ടുകാരും ബന്ധുക്കളും അപവാദം പറയുമെങ്കിലും, പെറ്റികോട്ടിട്ട് നടക്കുന്ന അഞ്ചുവയസുകാരിക്കപ്പുറം ഒരു നിർവചനം ശിങ്കിടിയെ പറ്റി അച്ഛന്റെ ഉപബോധമനസ് സ്വീകരിച്ചിട്ടില്ല . അതങ്ങനാണല്ലോ!
കടങ്കഥയുടെ പൊരുളറിയാതെ കുഴുങ്ങി മേല്പോട്ടും നോക്കി നിന്ന അഞ്ചു വയസുകാരിക്ക് വിചിത്രമായ ഒരശരീരി കണക്കെ മുത്തപ്പൻ ആഞ്ഞിലിയുടെ സന്തതിപരമ്പരകളുടെ കഥ വെളിപ്പെട്ടു. കരിമ്പച്ച ഇലയണിഞ്ഞ സുന്ദരൻ മകൻ ആണെന്നും, അരികത്തോർമയുടെ താഴ്വാരങ്ങളിലെവിടെയോ വിസ്മൃതിയുമായി മല്ലിട്ടു തോറ്റ് ചുവപ്പിലേക്കലിഞ്ഞു നിൽക്കുന്ന ഇളംപച്ചക്കാരൻ അപ്പൻ ആണെന്നും വെളിവായ്.
അപ്പൻ ആഞ്ഞിലി ആ നിമിഷങ്ങളിലെപ്പോഴോ വളർന്നു പൊങ്ങി മുത്തശ്ശിക്കഥ പോലെ സ്വർഗം പൂകി. ആഞ്ഞിലിയുടെ വളർച്ച മുൻകൂട്ടിയറിഞ്ഞ മഴക്കുരുവികൾ ഒരു വാക്കുപോലും പറയാതെ തോളത്തു കയറിക്കൂടി സ്വർഗ്ഗത്തിലേക്ക് ഊഴിയിട്ടിറങ്ങി. അപ്പൻ ആഞ്ഞിലിയപ്പോ സ്വർഗ്ഗത്തിലും മുകളിൽ എത്തിക്കാണും. മഴക്കുരുവികൾ സ്വർഗത്തിൽ മഴപെയ്യോ എന്നറിയാൻ പോയതാണ്. ഉത്തരോന്നും പറഞ്ഞതുമില്ല. പക്ഷെ മാലാഖമാർ തേങ്ങാ ഉരുട്ടിക്കളിക്കുന്നതാണ് ഇടിമിന്നൽ എന്ന് പിന്നീടെപ്പോഴോ വന്നു കിന്നാരം പറയുണ്ടായി!
സ്വർഗത്തിലേക്ക് ശിരസ്സുയർത്തിനിന്ന അപ്പൻ ആഞ്ഞിലിയുടെ കൂറ്റൻ നിഴൽ ഭൂമിയിൽ ഓടിക്കളിച്ച് മടുത്ത് തൂമ്പാകൈയിൽ ചാരിനിന്ന് കിതച്ച അച്ഛന്റെ തോളത്തെ കയ്യിട്ടു നിന്നു. ഇതുവരെ കായ് തരാത്ത മുരിങ്ങായോടെ കലഹിച്ചു നിന്ന അമ്മയും ഒപ്പം കൂടി.കാരണവന്മാർ അങ്ങനെ ലോഹ്യം കൂടണ തക്കത്തിൽ കരിമ്പച്ചക്കാരൻ സുന്ദരൻ ഒരു തത്തപെണ്ണിനെ കയ്യും കലാശവും കാട്ടി കൂടെ കൂട്ടാൻ തിടുക്കം കൂട്ടി. വഷളൻ! മുഖം വെട്ടിച്ച്, പുരക്കകത്തു കേറി ഒരു ഗ്ലാസ് കട്ടൻകാപ്പി (അമ്മ ഇട്ടുതന്നത്) ചൂടോടെ അകത്താക്കീട്ടും, അപ്പനും മകനും തൊണ്ടേൽ കുടുങ്ങി കിടന്നു.
അങ്ങനെ തൊണ്ടേൽ കുടുങ്ങിയ അപ്പനേം മകനേം കണ്ണികൂടെ കക്കിക്കളയാൻ, രാത്രി മാലാഖമാരുടെ ഫുട്ബോൾകളി വകവെക്കാതെ ടെറസിൻമേൽ കേറി ഇരുപ്പായ്. കരിമ്പന മുടിച്ചി മുടിയയച്ചു നിവർത്തി ഇട്ടേക്കണോണ്ട് നക്ഷത്ര കുഞ്ഞുങ്ങളൊക്കെ ഒളിച്ചിരുപ്പായിരിക്കും എന്ന് നീരിച്ചെങ്കിലും, അവയൊക്കെ ചിറകുവച്ച് അപ്പൻ ആഞ്ഞിലിക്ക് ചുറ്റും തെന്നിയും തെറ്റിയും പറന്നു രസിക്കുന്നുണ്ടായി. ആയിരം നക്ഷത്രക്കുഞ്ഞുങ്ങളെ തോളത്തേറ്റി അപ്പൻ ആഞ്ഞിലി മാറ് വിരിച്ച് നിന്നു. അച്ഛന്റെ വേഷപ്പകർപ്പുകളിൽ ഒന്നാണ് അപ്പൻ ആഞ്ഞിലി എന്ന് മനസിലായപ്പോഴേക്കും മാലാഖമാരുടെ തേങ്ങാ ഒരെണ്ണം പൊട്ടി ഇളനീര് മഴയായ് പൊഴിഞ്ഞു തുടങ്ങിയിരുന്നു. മഴ കനത്തപ്പോൾ കാഴ്ചമുറിഞ്ഞുൾക്കാഴ്ച്ചയായതും അപ്പൻ ആഞ്ഞിലി ബഹുമുഖനായതും ഒരുമിച്ചായിരുന്നു.
കണ്ണുനനയാതെ കരയാൻ പഠിച്ച ഒരു ചങ്ങായി, അപ്പൻ മരിച്ചപ്പോ അപ്പൻ മേടിച്ച തന്ന വാച്ചും ഓട്ടം നിർത്തി എന്ന് പറഞ്ഞപ്പോ അവനറിയാതെ കണ്ണിൽ ഉരുണ്ടുകൂടിയ മഴക്കാറായിരുന്നു അപ്പൻ ആഞ്ഞിലി. പേറ്റുനോവിനിടയിലും കുട്ട്യോൾടെ നാടകം ഗംഭീരമാവാൻ പ്രാർഥിച്ച ടീച്ചറമ്മയായും, നോമ്പുകാലത്തെപ്പോഴോ വീട്ടിലേറി ചെന്നപ്പോ നോമ്പില്ലാത്ത അതിഥിക്ക് ചീരയിൽ ചെമ്മീൻ ഒളിച്ചിച്ചു വച്ച് തന്ന് , മുഴുവൻ കഴിക്കണമെന്ന് വാശി പിടിച്ചടുത്തു നിന്ന ടോമിന്റെ അമ്മയായും, യൂണിവേഴ്സിറ്റി എക്സാമിന്റെ തലേന്ന് ഒരുമിച്ചു രാപ്പാർക്കുമ്പോൾ, പാതിരാക്കോഴി കൂവുന്ന നേരത്തും വിശന്നിരിക്കണ്ടെന്നു പറഞ്ഞ് വാരിയൂട്ടുന്ന സംഗീടെ അമ്മയായും, കൊച്ചുവെളുപ്പിനെ മോൾക്ക് കൂട്ടായ് ബസ് സ്റ്റോപ്പിൽ മണിക്കൂറോളം നിന്ന അഷീടെ അച്ഛനായും, വര്ഷങ്ങള്ക്ക് മുമ്പ് മാലാഖാമാരുടെ കൂടെ കളിക്കാൻ പോയ കുഞ്ഞുമോനെയോർക്കുമ്പോൾ ഇന്നും നടുങ്ങുന്ന ഐഷുന്റെ അപ്പയായുമെല്ലാം അപ്പൻ ആഞ്ഞിലി നിറഞ്ഞാടി.
കാറ്റ് കോമരം തുള്ളിച്ചിട്ടും, മഴനീരൊലിച്ചിറങ്ങി ജ്വരമായി മാറിയിട്ടും, അപ്പൻ ആഞ്ഞിലി നക്ഷത്രക്കുഞ്ഞുങ്ങളെ ഇതൊന്നുമറിയിക്കാതെ സുഖമായുറക്കി.ലോകത്തുള്ള എല്ലാ അച്ഛനമ്മമാരുടെയും വേഷപ്പകർപ്പാണ് അപ്പൻ ആഞ്ഞിലി എന്ന് തിരിച്ചറിയാൻ സെൻസും സെന്സിബിലിറ്റിം ഒന്നും വെണ്ടാർന്നു!
പെരുവിരൽ തൊട്ട് മുടിയറ്റം വരെ വരെ കുതിർത്തി മഴയൊഴിഞ്ഞു പോയ്. മഴത്തണുപ്പും കൊണ്ട് പയ്യാരംചൊല്ലാൻ എത്തിയ കാറ്റ് ഭഗവതി കാവിലെ ആലിലപോലെ നിന്ന് വിറക്കണ കാഴ്ച കണ്ട്പേടിച്ചോടിപ്പോയി. രണ്ടീസം പനിക്കാനുള്ള തരമായി. സാരോല്ല. കടങ്കഥക്ക് ഉത്തരം കിട്ടീലോ!
കരിമ്പച്ച വെയിലത്ത് വാടാതെ, മഴയത്ത് നനയാതെ, മഞ്ഞത്ത് കുളിരാതെ, കൊഴിയാതെ കാത്ത കരുതലാണ് ഇളംപച്ച!
- വൈശാലി

💗🦋
ReplyDelete❤️��
ReplyDelete😍🥰😘😘😘😘
ReplyDelete