Friday, June 5, 2020

ചിരവ

ചിരവയ്ക്ക് തേങ്ങാ ചിരണ്ടാൻ വയ്യ! എന്താ മോനൂസേ ജാടയാണോ? ജാടയൊന്നുമല്ല! കറുത്ത മുഖംമൂടിക്കുള്ളിൽ കീരിപല്ലൊളിപ്പിച്ച് ചിരവ പ്രതിഷേധിക്ക്യാണ്. അമ്മിണിച്ചേടത്തിക്കിതൊട്ടു പിടിച്ചില്ല. നേരമില്ലാത്ത നേരത്താണ് ചിരവയുടെ പ്രതിഷേധം. പുറത്ത് നൂറുകൂട്ടം പണിയുണ്ടേ! തെങ്ങുകയറി കൊണ്ടുവന്നിട്ടിട്ടുണ്ട്. ഇനി അതു തിരിയണം. തേങ്ങായ്ക്കൊക്കെ ഇപ്പോ എന്നാ വിലയാ! നല്ലത് കൊണ്ടോയ് കടേല് കൊടുക്കണം. വലുതല്ലാത്തത് വെട്ടി ഉണക്കണം. ആ! ദാമു തേങ്ങാ വെട്ടുന്നുണ്ട്. ചിലതു ചിഞ്ഞിട്ടുണ്ടാവും. അത് സാരമില്ല. രണ്ടൂസം വെയിലത്തിട്ടാൽ മതി. നല്ല എണ്ണയുള്ള തേങ്ങയാ! വെറുത്തേ കളയണ എന്തിനാ?
അല്ല! ഇതൊക്കെ തെങ്ങിനറിയോ? തെങ്ങിനോടു ചോദിച്ചോ? അമ്മിണിയേടത്തി തലവെട്ടിച്ചൊരു പോക്കാ! എങ്ങോട്ടാ? ചുറ്റികയെടുത്ത് ചിരവേടെ തലയ്ക്ക് ഒന്നു കൊടുക്കാൻ.
അല്ലാ ചിരവേ, എന്തിനാ തല്ലു കൊള്ളുന്നേ? ചിരവ പല്ലുരുമി!
മനസ്സിലായില്ല!
ഓ! പല്ലുരുമിയതല്ല, പാട്ടു പാടിയതാ!കരഞ്ഞതാ! തേങ്ങാകുഞ്ഞുങ്ങൾക്ക് വിശക്കുന്നുണ്ടെന്ന്! തേങ്ങാ കുഞ്ഞുങ്ങളോ?
അമ്മിണിയേടത്തി ചുറ്റികയെടുത്തു ചുഴറ്റി പാഞ്ഞു വരുന്നുണ്ട്! ചിരവ പല്ലുരുമി നിലവിളിച്ചു തോടിനുള്ളിൽ കയറിയൊളിച്ചു! ആടുന്നില്ലല്ലോ! വിറങ്ങലിച്ചു നിക്കാണ്! വിയർത്തൊലിച്ചത് കണ്ണീരിനൊപ്പം താഴെവീണുടഞ്ഞു.
അമ്മിണിയേടത്തിക്കത്ഭുതം!ഓഹോ? അപ്പോ വേഷം കെട്ടായിരുന്നല്ലേ?കീരിപല്ലൊക്കെ വൃത്തിയാക്കി തേങ്ങേടെ മീശയൊക്കെ കളഞ്ഞ് അമ്മിണിയേടത്തി തേങ്ങചിരണ്ടാനൊരുങ്ങി!
"ഞാൻ ചിരണ്ടാം"
ദേവൂട്ടിക്ക് കുഞ്ഞ് കൈകളാണ്. തേങ്ങ കുതറിമാറാൻ ശ്രമിച്ചു. അമ്മിണിയേടത്തി അതിനെ പിടിച്ചു വച്ചു!
"ആദ്യം അരിക് ചിരണ്ടണം. പിന്നെ അകം"
അതങ്ങനെയാണല്ലോ? പിൻഗാമികൾ പഠിപ്പിച്ച സൂത്രം! പുറം ചിരണ്ടി അകം ചിരണ്ടി ഉള്ള് പൊള്ളയാക്കുന്ന വിദ്യ!
"ദേവൂട്ടിക്ക് പൊങ്ങ് വേണോ?" അടുക്കള ജനാലയിലൂടെ ദാമു വാത്സല്യമ്മിറ്റിച്ചു.
വാത്സല്യമറിയാതെ പത്തുമുപ്പതു പൊങ്ങുകൾ, തേങ്ങാ കുഞ്ഞുങ്ങൾ നീല ബക്കറ്റിൽ നിന്നെത്തി നോക്കി വിശന്ന് കരഞ്ഞു. കൂന കൂടി കിടന്ന തേങ്ങാക്കൂട്ടം വരിവരിയായ് എണ്ണയായ് ജ്വലിച്ചതും, ചിലതുള്ളു പൊള്ളയാക്കപ്പെട്ട് ചിരട്ടയായടുപ്പിലെരിഞ്ഞതും, ചിരവ മൗനം കുടിച്ചു നോക്കി നിന്നു! തേങ്ങാ കുഞ്ഞുങ്ങൾ കരയുന്നുണ്ട്! ചിരവയ്ക്ക് തേങ്ങാ ചിരണ്ടാൻ വയ്യ!


13 comments: